യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

11/3/18

യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ദണ്ഡകാരണ്യത്തില്‍നിന്നും
വീണ്ടും കേള്‍ക്കുന്നു രോദനം.
... വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.

ആറ്റിലും കാറ്റിലും നിത്യം
വിഷം ചേര്‍ക്കുന്ന ദുഷ്ടത.
ധാതുലോഹാദികള്‍ക്കായ് ഭൂ
ഗര്‍ഭം കീറുന്ന വേദന.

യാത്രാമൊഴി - ബാലചന്ദ്രൻ ചുള്ളിക്കാട്

പുലരുവാനേഴര രാവേയുള്ളു
പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളു
കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ്
വെണ്ണീറുകൊണ്ട്  കുറിവരച്ച്
ദുരിതം കൊണ്ടൊരു നിറപറ നിറച്ച്
കൂളക്കുടുക്കയെറിഞ്ഞുടച്ച്
താളത്തിൽ മൂന്നു വലത്തുവെച്ച്
ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി
മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഏഴരക്കമ്പുള്ള കുടയെടുത്ത്, വ്യഥ
വെച്ചുണ്ണാൻ ചിറ്റുരുളിയൊന്നെടുത്ത്
ഇടങ്കാലുവെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ
അമ്മേ...

വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.

പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു
മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍
ഫലിതഭാഷണ ഉച്ചിഷ്ടങ്ങള്‍
മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍
മറവിതന്‍ ജലം
നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍
ഈ സത്ര ഭിത്തിയില്‍
അപഥ സഞ്ചാരിയായ ഒരാത്മാവിന്റെ
വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍
ഇനിയുറങ്ങാം..

വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണു
എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണു
എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്

ഉള്‍ഖനനം - ബാലചന്ദ്രൻ ചുള്ളിക്കാട്

പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

സ്നേഹം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രളയമാണെങ്ങും ഇടവരാത്രിതന്‍
കരിമുകില്‍ ചിറമുറിഞ്ഞ് പേമഴയിടിഞ്ഞ് ചാടുന്നു
ഇടയ്ക്ക് കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴങ്ങിയ മരങ്ങളും, ചത്ത മൃഗങ്ങളും,മര്‍ത്യ ജഡങ്ങളും
ജലപ്രാഹത്തില്‍ ചുഴന്നൊലിച്ചു പോകുന്നു
ഒരു സുഹൃത്തിന്റെ ശവത്തിന്മേല്‍
അള്ളിപ്പിടിച്ചു നാം മുങ്ങിത്തുടിച്ചു നീന്തുന്നു
ചുഴികുത്തില്‍പ്പെട്ടീ ഒടുക്കത്തെ പ്രാണ പ്രതീക്ഷ

സ്‌നാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

സ്മൃതിനാശം - ബാലചന്ദ്രൻ ചുള്ളിക്കാട്

എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.

കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം.

ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകല്‍ വെളിച്ചം പൊലിഞ്ഞുപോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെപ്പറന്നുപോകുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ...?

സദ്ഗതി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

10/3/18

അകലെ അകലെ നീലാകാശം

സംഗീതം : എം എസ് ബാബുരാജ്
വരികൾ : ശ്രീകുമാരൻ തമ്പി
പാടിയത് : കെ ജെ യേശുദാസ്, എസ് ജാനകി
ചിത്രം : മിടുമിടുക്കി

അകലെ....അകലെ... നീലാകാശം
ആ ആ ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം

നോക്കിയ 6 സ്വന്തമാക്കാൻ സുവർണ്ണാവസരം.

നോക്കിയ6 ന്റെ 3GBറാം പതിപ്പ് പുറത്തിറങ്ങി ഒരു വര്‍ഷത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ വിലയില്‍ കുറവ് വരുത്തുകയാണ്.

8/3/18

ഋതുഭേദങ്ങള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

രാമകഥ - ബാലചന്ദ്രൻ ചുള്ളിക്കാട്

രാമനെന്നാണെന്‍െറ പേര്.
അയോധ്യയിലാണു വീട്.
കൊച്ചിയില്‍ത്തോപ്പുംപടിയില്‍
ബേക്കറിയില്‍ ജോലിയാണ്.
ലക്ഷ്മണനും വന്നിട്ടുണ്ട്.
കല്‍പ്പണിക്കു പോകുന്നുണ്ട്.
എട്ടുമണിക്കൂറു ജോലി.
നഷ്ടമില്ല; നല്ല കൂലി.
എങ്കിലുമീ ജീവിതത്തില്‍
സങ്കടമുണ്ടാവുമല്ലൊ.

പ്രഭാതം - ബാലചന്ദ്രൻ ചുള്ളിക്കാട്

ഇന്നും കിളിയൊച്ച കേള്‍ക്കെ, നീ രാവിലേ
വന്നുവിളിച്ചതായ്ത്തോന്നി- ഉണര്‍ന്നു ഞാന്‍

എന്നെച്ചുഴലുന്നൊരീ വെളിച്ചം നിന്റെ
വെണ്‍പട്ടുപാവാടയെന്നു കരുതി ഞാന്‍

ഈയിളം കാറ്റോ, പനിനീരിലാടിയ
വാര്‍മുടി കോതി വരുന്നതെന്നോര്‍ത്തു ഞാന്‍

പോകൂ പ്രിയപ്പെട്ട പക്ഷീ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്

ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..

പകർച്ച - ബാലചന്ദ്രൻ ചുള്ളിക്കാട്

ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.

കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.

ഒരു പ്രണയഗീതം - ബാലചന്ദ്രൻ ചുള്ളിക്കാട്

ഇങ്ങസ്തമിക്കുന്നു സൂര്യൻ; പെരുവഴി
തീർന്നൂ, തിരിച്ചു നടക്കാം നമുക്കിനി
സ്വന്തം കുരുതിയിലേക്കു പോകുന്നൊരി-
ക്കൊമ്പ് ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
തെന്താഭിചാരം? പ്രണയമോ പാപമോ?

ഇല്ല പൊട്ടിച്ചിരി; നീണ്ട ഞരക്കങ്ങ-
ളല്ലാതെ,യോരോ തകരക്കുടിലിലും
വെള്ളമിറങ്ങാതെ, ജീവിതമൂർച്ഛയിൽ
തുള്ളിപ്പനിച്ചു കിടക്കയാമുണ്ണികൾ

7/3/18

ഓര്‍മ്മകളുടെ ഓണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

 ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു

മൃഗജഡം - ബാലചന്ദ്രൻ ചുള്ളിക്കാട്

മൃഗജഡം - ഷാൾസ് ബോദ്‌ലെയ്

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്





ഓമനേ, സുന്ദരഗ്രീഷ്മപ്രഭാതത്തിൽ

നാമൊരുമിച്ചു നടക്കുന്ന വേളയിൽ

ഏതോ മൃഗത്തിന്റെ ചീഞ്ഞ ജഡം ചരൽ‌-

പ്പാതയോരത്തു നാം കണ്ടതോർക്കുന്നുവോ,



കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ-

പ്പോലെയെരിഞ്ഞും, വിഷം വിയർത്തും, കെട്ട

വായു കുമിഞ്ഞ പെരുവയർ ലോകത്തെ

നാണവും മാനവുമില്ലാതെ കാട്ടിയും.

മദര്‍ തെരേസയ്ക്ക് - ബാലചന്ദ്രൻ ചുള്ളിക്കാട്

നരബലികൊണ്ട് കുരിതിയാടുന്നു
രുദിര കാളിതന്‍ പുരാണ ഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറവന്നുതാം പരമ സ്നേഹമേ
പല നൂറ്റാണ്ടായ് മകുട മോഹത്തിന്‍
മരണ ശംഖൊലി മുഴങ്ങുമീ മണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിയ്ക്കും

മറവി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും

4/3/18

കാത്തുനിൽപ്പ്‌ - ബാലചന്ദ്രൻ ചുള്ളിക്കാട്‌

വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.

കാലധര്‍മ്മം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.


ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.

കഥാശേഷം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

അന്നം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’

അഭിമുഖം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

Popular Posts